എം.വി. നികേഷ് കുമാർ File
Kerala

നികേഷ് കുമാറിന് സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് പിൻവാതിൽ പ്രവേശനം

നികേഷിനെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാക്കണം എന്ന ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍റെ നിർദേശം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു

MV Desk

കണ്ണൂർ: രണ്ടാം വട്ടം മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച ദൃശ്യ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ നേതൃനിരയിലേക്ക്. റിപ്പോർട്ടർ ചാനലിന്‍റെ എഡിറ്റർ സ്ഥാനം രാജിവച്ച നികേഷ് പൊതുപ്രവർത്തനത്തിനായി ജനങ്ങളിലേക്കിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയും മാധ്യമ പ്രവർത്തനം ഉപേക്ഷിച്ചിട്ടുള്ള നികേഷ്, തെരഞ്ഞെടുപ്പിൽ തോറ്റതോടെ മാധ്യമപ്രവർത്തനത്തിലേക്കു മടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നികേഷ് കുമാർ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുകയാണെന്നും, കണ്ണൂരാവും തട്ടകമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. നികേഷിനെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാക്കണം എന്ന ജയരാജന്‍റെ നിർദേശത്തെ ജില്ലാ കമ്മിറ്റി ഏകകണ്ഠമായി പിന്തുണച്ചു. പ്രഖ്യാപനം അടുത്ത സംസ്ഥാന കമ്മിറ്റിക്കു ശേഷം ഉണ്ടാകും. അടുത്ത സംസ്ഥാന സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി നികേഷിനെ ഉൾപ്പെടുത്തുമെന്നാണ് സൂചന.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രാദേശികമായി മികച്ച സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നികേഷിനെ പരിഗണിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. മുൻപത്തേതു പോലെ തന്നെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമാണ് മാധ്യമ പ്രവർത്തനം ഉപേക്ഷിക്കുന്നതിനുള്ള നികേഷിന്‍റെ പ്രചോദനം എന്നത് ഏറെക്കുറെ വ്യക്തമാണ്.

2016ൽ അഴീക്കോട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച നികേഷ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ.എം. ഷാജിയോട് 2,284 വോട്ടുകൾക്കാണു പരാജയപ്പെട്ടത്.

സിപിഎം മുൻ നേതാവും സിഎംപി സ്ഥാപകനും മുൻ മന്ത്രിയുമൊക്കെയായിരുന്ന എം.വി. രാഘവന്‍റെയും ജാനകിയുടെയും മകനാണ് നികേഷ് കുമാർ. സിഎംപി പിളർന്ന് ഒരുവിഭാഗം സിപിഎമ്മിൽ ലയിച്ചതോടെയാണ് നികേഷ്കുമാർ സിപിഎം അംഗമായത്. 1994ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും 1995ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും ജേണലിസം ഡിപ്ലോമയും നേടിയ ശേഷമാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു