തോരാമഴയിലും ആവേശം; അങ്കച്ചൂടിൽ നിലമ്പൂർ

 
Kerala

തോരാമഴയിലും ആവേശം; അങ്കച്ചൂടിൽ നിലമ്പൂർ

ശനിയാഴ്ച രാവിലെ നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പ്രവർത്തകർ ചേർന്ന് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്

Namitha Mohanan

പി.ബി ബിച്ചു

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാ സമർപ്പണം, എൽഡിഎഫ് സ്ഥാനാർഥി മണ്ഡല പ്രവേശം, മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്നു മലക്കം മറിഞ്ഞ് പി.വി. അൻവർ, മത്സരത്തോട് വിമുഖതകാണിച്ച് ബിജെപിയും ബിഡിജെഎ‌സും. തോരാമഴയിലും ഉച്ചസ്ഥായിയിലെത്തിയ നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പുചൂടിൽ രാഷ്‌ട്രീയ കേരളം. യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ച അൻവർ വൈകുന്നേരത്തോടെ മത്സരിക്കുമെന്ന സൂചന നൽകി. മത്സരിക്കാൻ താത്പര്യമില്ലെന്ന് ബിഡിജെഎസ് അറിയിച്ചതോടെ എൻഡിഎയിൽ അനിശ്വിതത്വം തുടരുകയാണ്.

ശനിയാഴ്ച പ്രവർത്തകർക്കൊപ്പം കൂറ്റൻ റോഡ്ഷോ നയിച്ചാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിലമ്പൂര്‍ താലൂക്ക് ഓഫിസിലെത്തി പത്രിക കൈമാറുമ്പോൾ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് എ.പി അനില്‍കുമാര്‍, മുസ്‌ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങി നേതാക്കൾ ആര്യാടനൊപ്പമുണ്ടായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ മുന്നോക്കം നേടാനായത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

ശനിയാഴ്ച രാവിലെ നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പ്രവർത്തകർ ചേർന്ന് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പതിനൊന്നരയോടെ നിലമ്പൂർ റെയ്‌ൽവേ സ്റ്റേഷനിൽ ട്രെയ്‌നിറങ്ങിയ സ്വരാജിനെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ വരവേറ്റത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉൾപ്പെടെ നേതാക്കളും എത്തിയിരുന്നു. സ്റ്റേഷനിൽനിന്നു റോഡ് ഷോ ആയി സ്വരാജ്, നിലമ്പൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയി. നിലമ്പൂരുകാരനായ പാർട്ടിയുടെ യുവനേതാവിനെത്തന്നെ ഇറക്കിയതിലൂടെ മണ്ഡലം എൽഡിഎഫിന് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.

അതിനിടെ, എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയ വഴിയിലൂടെയായിരുന്നു പത്രികാ സമർപ്പണത്തിനായി ആര്യാടൻ ഷൗക്കത്ത് പ്രകടനമായി കടന്നുവന്നത്. ഇരുവിഭാഗം പ്രവർത്തകരും ഒരേവഴിയിൽ മുഖാമുഖം കണ്ടതോടെ ചെറിയ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയാണ് ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ഇന്ന് പത്രിക സമർപ്പിക്കുമെന്നാണ് വിവരം. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയെന്നിരിക്കെ സ്ഥാനാർഥിയെ കണ്ടെത്താൻ ബിജെപി -ബിഡിജെഎസ് ചർച്ചകൾ ഇന്നും തുടരും. 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി