കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. പ്രഭാത ഭക്ഷണത്തിന് ശേഷമാണ് ധനമന്ത്രി കേരളാ ഹൗസില്‍നിന്നും മടങ്ങിയത്. ബുധനാഴ്ച രാവിലെ 9 മണിയോടു തുടങ്ങിയ കൂടിക്കാഴ്ച ഏകദേശം 50 മിനിറ്റോളം നീണ്ടു.
വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ തുകയുടെ കാലാവധി നീട്ടണം, വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ വികസന സഹായം നല്‍കണം, കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണം, എയിംസ്, തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി ഉന്നയിച്ചു. കേരളത്തിന്‍റെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. എന്നാൽ ആശ വർക്കർമാരുടെ സമരത്തെ പറ്റി ചർച്ചയുണ്ടായില്ല.
കേരളത്തിനൊപ്പമാണ് കേന്ദ്രമെന്നും കൂടിക്കാഴ്ചയിൽ സന്തോഷമുണ്ടെന്നും ധനമന്ത്രി അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിർമല സീതാരാമന്‍റെ അനൗദ്യോഗിക സന്ദർശനത്തിൽ ഉറപ്പുനൽകിയതായാണ് വിവരം. അതേസമയം, പാർട്ടിയുടെ പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ന്യൂഡൽഹിയിൽ തന്നെ തുടരുകയാണ്.