ടൂറിസ്റ്റ് ബസുകൾ വെള്ളയിൽ തുടരും; ഓട്ടോറിക്ഷകൾക്ക് ഇനി ജില്ലാ പരിധിയില്ല 
Kerala

ടൂറിസ്റ്റ് ബസുകൾ 'വെള്ള'യിൽ തുടരും; ഓട്ടോറിക്ഷ സർവീസിന് ഇനി ജില്ലാ പരിധിയില്ല

സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം നിലവിലെ സ്കൂൾ ബസുകളുടെ മാതൃകയിൽ മഞ്ഞ നിറത്തിലേക്ക് മാറ്റാനും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: ഓട്ടോറിക്ഷാ പെർമിറ്റിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ജില്ലാ പരിധി നീക്കിയതോടെ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

അതിവേഗപാതകളിൽ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം. കൂടാതെ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം നിലവിലെ സ്കൂൾ ബസുകളുടെ മാതൃകയിൽ മഞ്ഞ നിറത്തിലേക്ക് മാറ്റാനും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി. അതേസമയം, ടൂറിസ്റ്റ് ബസുകൾക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങി.

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; മരണം 31 ആയി, തലസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

ഡേ കെയറിലേക്ക് കാർ ഇടിച്ചു കയറി; ഒന്നര വയസുകാരൻ മരിച്ചു

കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു; യുവതിയെ കൈയോടെ പിടികൂടി പൊലീസ്

സ്ത്രീധന പീഡനം; കന്നഡ സംവിധായകനെതിരേ കേസെടുത്തു

കേരള സർവകലാശാല വിസി വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്ക്കരിച്ചു