പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യം വാങ്ങുന്നതിന് പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ ആലോചനയുമായി സർക്കാർ. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൊതുവായ പ്രായപരിധി 21 വയസാണെന്നിരിക്കെ കേരളത്തിൽ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചിക്കുന്നത്.
"നോ ഐഡി, നോ എൻട്രി' എന്ന കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കിയേക്കും. വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടാണെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്.
എക്സൈസ് വകുപ്പിന്‍റെ ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സർക്കാർ അംഗീകാരം നൽകിയാൽ അടുത്ത മദ്യനയത്തിൽ വിഷയത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം. 18 വയസായിരുന്നു സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 ആക്കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായി ഉയര്‍ത്തി. ആ ഉത്തരവ് ഇറങ്ങിയെങ്കിലും കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് "നോ ഐഡി, നോ എൻട്രി' എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.