Kerala

ഗണപതിവിലാസം ഹൈസ്‌കൂളിൽ എ-പ്ലസ് നേടിയവരിൽ ഉത്തരേന്ത്യക്കാരിയും

പെരുമ്പാവൂര്‍: എസ്.എസ്.എൽ.സി. പരീക്ഷയിൽ പത്താം വട്ടവും നൂറു ശതമാനം വിജയം നേടിയ കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിൽ നിന്നും ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടിയ 17 പേരില്‍ ഒരു ഉത്തരേന്ത്യന്‍ പെൺകുട്ടിയും.

കൂവപ്പടി മദാസ് കവലയ്ക്കു സമീപം, സമന്വയ റെസിഡന്റസ് അസോസിയേഷന്‍ പരിധിയില്‍ 'ശാരദാഗോവിന്ദ'ത്തില്‍ വാടകയ്ക്കു താമസിക്കുന്ന പ്രിയങ്ക ഹരീഷ് ഭരദ്വാജ് ആണ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഉത്തര്‍പ്രദേശ് ഫേജാബാദ് ജില്ലയിലെ ജലാല്‍പൂര്‍ മുസ്കരായി ഗ്രാമത്തിലെ ഹരീഷ് ശിവ്ജോര്‍ ഭരദ്വാജിൻ്റെയും രാധിക ഹരീഷിൻ്റെയും രണ്ടുമക്കളില്‍ ഇളയവളാണ് പ്രിയങ്ക.

20 വര്‍ഷത്തോളമായി, ഈ കുടുംബം തൊഴിൽതേടി കേരളത്തില്‍ എത്തിയിട്ട്. കയ്യുത്തിയാലിലും ഇളമ്പകപ്പള്ളി തൃവേണിയിലും നിരവധി വര്‍ഷം വാടകയ്ക്ക് താമസിച്ചു. പ്ലൈവുഡ് ഫാക്ടറികളുടെ മെഷീന്‍ മെക്കാനിക്ക് ആയ ഹരീഷ്, വട്ടയ്ക്കാട്ടുപടി പാങ്കുളത്ത് ധീമാന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്സ് എന്ന സ്ഥാപനം നടത്തുകയാണ്. ചെറുപ്പം മുതലെ പഠനത്തിൽ മിടുക്കിയായ പ്രിയങ്ക ജനിച്ചതും വളര്‍ന്നതും കൂവപ്പടിയില്‍ത്തന്നെയാണ്. ജ്യേഷ്ഠന്‍ വിനയ് ബി.ബി.എ. ബിരുദപഠനം പൂര്‍ത്തിയാക്കി.

കൂവപ്പടി ഗവണ്മെന്‍റ് എല്‍.പി. സ്കൂളിലായിരുന്നു ആദ്യം ഇരുവരും പഠിച്ചിരുന്നത്. സ്‌കൂളിലെ അധ്യാപകർ പഠിപ്പിച്ചതും എഡ്യൂപോര്‍ട്ട് യൂ-ട്യൂബ് ചാനലിലെ ക്ളാസ്സുകളെയും മാത്രം ആശ്രയിച്ചാണ് പ്രിയങ്ക ഈ വിജയം നേടിയെടുത്തത്. പ്രിയങ്കയുടെ ഈ നേട്ടത്തിൽ ഉത്തർപ്രദേശിലെ ബന്ധുക്കളെല്ലാം വലിയ സന്തോഷത്തിലാണ്. പ്ലസ്ടുവിന് ബയോ മാത്‍സ് എടുത്തു പഠിച്ച് മെഡിസിന്‍ എന്‍ട്രന്‍സ് എഴുതി ഗൈനക്കോളജി ഡോക്ടറാകാനാണ് പ്രിയങ്കയുടെ ആഗ്രഹം. നീറ്റ് പരീക്ഷ എഴുതാനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞതായി പ്രിയങ്ക പറഞ്ഞു. സ്കൂളിലെ എല്ലാ പഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുള്ള ഈ കുട്ടി ചിത്രകലയിലും കരകൗശലപ്പണികളിലും മിടുക്കിയാണ്.

അച്ഛൻ്റെ ജോലിയില്‍ നിന്നുള്ള വരുമാനത്തോടൊപ്പം അമ്മ രാധിക വീട്ടിലിരുന്ന് തയ്യല്‍ ജോലിയെടുത്തുമാണ് കുടുംബം കഴിയുന്നതും കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതും. കൂവപ്പടിയിലോ പരിസരങ്ങളിലോ സ്വന്തമായൊരു വീട് എന്ന ആഗ്രഹത്തിലാണ് ഈ കുടുംബം. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡിൽ വാടകയ്ക്കു താമസിയ്ക്കുന്ന ഇവർ ലൈഫ് ഭവനപദ്ധതിയിൽ വീടിനായുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ശനിയാഴ്ച സ്കൂളില്‍ നടന്ന വിജയാഘോഷത്തില്‍ പ്രിയങ്കയും പങ്കെടുത്ത് മാനേജ്മെന്റിന്റെയും പി.ടി.എ.യുടെയും ആദരമേറ്റുവാങ്ങി. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി ഭാരവാഹികളും വീട്ടിലെത്തി പ്രിയങ്കയെ അനുമോദിച്ചു.

2 ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലര്‍ട്ട്

പാലക്കാട് വൻ ചന്ദന വേട്ട: മൂന്നു വീടുകളിൽ നിന്നായി 97 കിലോ ചന്ദനം പിടിച്ചെടുത്തു

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി സംശയം

മുംബൈയിൽ മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ച കോൺസ്റ്റബിളിനെ വിഷം കുത്തിവച്ച് കൊന്നു

40 രോഗികളുടെ ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി