രണ്ട് വർഷം മുൻപ് കാണാതായ മൂക്കുത്തി, കണ്ടെത്തിയത് ശ്വാസകോശത്തിൽ; രണ്ടാഴ്ചയ്ക്കിടെ ചികിത്സതേടിയത് മൂന്ന് സ്ത്രീകൾ

 
Kerala

2 വർഷം മുൻപ് കാണാതായ മൂക്കുത്തി, കണ്ടെത്തിയത് ശ്വാസകോശത്തിൽ; രണ്ടാഴ്ചയ്ക്കിടെ ചികിത്സതേടിയത് 3 സ്ത്രീകൾ

രണ്ടാഴ്ചയ്ക്കിടെ 3 സ്ത്രീകളാണ് മൂക്കുത്തി ശ്വാസകാശത്തിൽ കുടുങ്ങിയതിനെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്

Manju Soman

കൊച്ചി: മൂക്കുത്തിയോട് പെണ്ണുങ്ങൾക്ക് പ്രത്യേക സ്നേഹമുണ്ട്. അടുത്തിടെയായി ഈ സ്നേഹം പുരുഷന്മാരിലേക്കും വ്യാപിച്ചിട്ടുണ്ട്. മൂക്കുത്തി മുഖത്തിന് ആഴകാണെങ്കിലും ശ്വാസകോശത്തിൽ കയറിയാൽ കാത്തിരിക്കുന്നത് വൻ അപകടമാണ്. രണ്ടാഴ്ചയ്ക്കിടെ 3 സ്ത്രീകളാണ് മൂക്കുത്തി ശ്വാസകാശത്തിൽ കുടുങ്ങിയതിനെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ട് വർഷത്തോളമായി കാണാതായ മൂക്കൂത്തിയാണ് ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത്.

വിദേശ യാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു 2 പേരുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണി കുടുങ്ങി കിടക്കുന്നതു കണ്ടെത്തിയത്. 31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി. രണ്ട് വർഷം മുൻപാണ് യുവതിയുടെ മൂക്കൂത്തി കാണാതാകുന്നത്.

44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്. ആരോഗ്യ പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണു 52 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്. ഇതു കാണാതായിട്ട് 2 വർഷമായിരുന്നു.

മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അമൃതയിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്കു കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണു മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്. ഉറക്കത്തിലും മറ്റും മൂക്കുത്തിയുടെ ഭാഗങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നും അതിനാൽ സൂക്ഷിക്കണം എന്നുമാണ് ഡോക്‌ടർ പറയുന്നത്. ബ്രോങ്കോസ്കോപ്പി രീതിയിൽ നീക്കാൻ കഴിഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഈ ഭാഗം മുറിച്ചു മാറ്റേണ്ടി വരുമെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടു ദിവസം പൊതു അവധി | Video

രാഹുൽ മാങ്കൂട്ടത്തിൽ എസ്ഐടി കസ്റ്റഡിയിൽ? കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം

രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിൽ 32 കേസ്