file image
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ കർശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിജിലന്‍സ് സംസ്ഥാന തലത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍, ചില ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ എയ്ഡഡ് മേഖലയിലെ അധ്യാപക-അനധ്യാപക സർവീസ് ആനൂകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി ഉദ്യോഗസ്ഥരില്‍ നിന്നും ഗൂഗ്ള്‍ പേ മുഖാന്തിരം പണം കൈപ്പറ്റിയതും, ഇതിനായി എയ്ഡഡ് മേഖലയിലുള്ളവരുടെ സർവീസ് ആനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ അനാവശ്യ കാലതാമസം വരുത്തിയിരിക്കുന്നതായും കണ്ടെത്തി. ചില ഓഫിസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എയ്ഡഡ് മേഖലയില്‍ ഭിന്നശേഷി സംവരണ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നതായി കണ്ടെത്തി.
ചില എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നിലനിര്‍ത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേന്ദ്രീയ വിദ്യാലയത്തിലും മറ്റ് അണ്‍എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികളെ അഡ്മിഷന്‍ എടുത്തതായി കാണിച്ച് അറ്റന്‍ഡന്‍സ് നല്‍കിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നും ലക്ഷങ്ങളാണ് വിവിധ നിയമനങ്ങൾക്കടക്കം കൈപ്പറ്റിയിരിക്കുന്നതെന്നും വിജിലൻസ് അറിയിച്ചു.
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ, വ്യക്തമായ തെളിവ് ലഭിച്ചതോ ആയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും, ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേർഡ് ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പ് തലത്തിൽ ഒരു അടിയന്തിര ആഭ്യന്തര അന്വേഷണ സമിതിയെ രൂപീകരിക്കും. അഴിമതിക്ക് വഴിവെച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫിസുകളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ-ഓട്ടൊമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്നത് തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.