തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. ഇതിനായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും. സംസ്ഥാനത്ത് രോഗം നിരന്തരം റിപ്പോർട്ട് ചെയ്യുന്നതും നിരവധി പേർ മരണത്തിനു കീഴടങ്ങുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രോഗബാധ തടയാൻ സാധിക്കാത്തത് ആരോഗ‍്യവകുപ്പിന്‍റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ 29 കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ സ്രവ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നത്.