പി.കെ.ശ്രീമതി
കണ്ണൂർ: സജീവ സംഘടനാ പ്രവർത്തനത്തിലേക്ക് വീണ്ടുമിറങ്ങുകയാണെന്ന് വ്യക്തമാക്കി സിപിഎം നേതാവ് പി.കെ. ശ്രീമതി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്‍റുമാണ് ശ്രീമതി. സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീമതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രിയരേ, പൊതു പ്രവർത്തനത്തിറങ്ങാൻ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് എന്‍റെ ഭർത്താവാണ്.
ഏറ്റെടുക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്ത്വത്തോടെ ഭംഗിയായി നിർവ്വഹിക്കണമെന്ന് അദ്ദേഹത്തിന് നിർബ്ബന്ധമായിരുന്നു, മരിക്കാത്ത ആ സ്മരണകൾ മുൻ നിർത്തി വീണ്ടും ഞാൻ എന്‍റെ സംഘടനാ പ്രവർത്തനത്തിന് ഇറങ്ങുകയാണ് , ശ്രീമതി ഫെയ്സ്ബുക്കിൽ കുറിച്ചു.
സെപ്റ്റംബർ 28നാണ് ശ്രീമതിയുടെ ഭർത്താവ് ഇ. ദാമോദരൻ അന്തരിച്ചത്. മാടായി സർക്കാർ ഹൈസ്കൂളിൽ നിന്നാണ് അധ്യാപകനായി വിരമിച്ചത്. സാംസ്കാരിക രംഗത്തും സജീവമായിരുന്നു.