വനിത മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി പാക് സൈനിക വക്താവ്, വിഡിയോയ്ക്ക് വിമർശനം
ഇസ്‌ലാമാബാദ്: വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി കാണിച്ച് പാക് സൈനിക വക്താവ്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായ പാക് ഇന്‍റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരിയാണ് റിപ്പോർട്ടറെ കണ്ണിറുക്കി കാണിച്ചത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് ഉയരുന്നത്.
ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി ചോദിച്ചു തുടങ്ങിയ റിപ്പോർട്ടർ തുടർച്ചയായി ഇതുസംബന്ധമായ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. ഇമ്രാൻ ഖാന് ഇന്ത്യയിൽനിന്നു സഹായം ലഭിക്കുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിക്കു ശേഷമായിരുന്നു സൈനിക വക്താവിന്റെ കണ്ണിറുക്കൽ.
വിഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. സ്ത്രീകളെ ബഹുമാനിക്കാൻ പാക് സൈന്യത്തിന് അറിയില്ല എന്നാണ് വിമർശനം. യൂണിഫോമിൽ ഇരുന്ന് പരസ്യമായി കണ്ണിറുക്കി കാണിക്കാൻ എങ്ങനെയാണ് സാധിക്കുന്നതെന്നും പലരും ചോദിക്കുന്നുണ്ട്. അയാളൊരു പ്രൊഫഷണൽ സൈനികനല്ല എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.