ആശ്വാസം! പാലക്കാട് സ്വദേശിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട്: പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ചു മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് 32 വയസുകാരന് നിപ നെഗറ്റീവായത്. നിലവിൽ പാലക്കാട്ട് ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ, മഞ്ചേരി മെഡിക്കൽ കോളെജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇദ്ദേഹത്തിനു നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ അച്ഛനായ 58 വയസുകാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. അച്ഛന്‍ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഇദ്ദേഹമാണ് കൂടെയുണ്ടായിരുന്നത്. ഹൈ റിസ്‌ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.