പാലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷും മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഡൽഹിയിലാണ് കൂടിക്കാഴ്ച നടന്നത്.
പശ്ചിമേഷ്യൻ രാജ്യമായ പാലസ്തീനും കേരളവും തമ്മിൽ സാധ്യമായ വിവിധ പരിപാടികൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തന്‍റെ ആദ്യ കൂടിക്കാഴ്ചയാണിതെന്ന് അബു ഷാവേഷ് മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാനായത് സന്തോഷവും ബഹുമതിയുമാണ്. ഒന്നിലധികം വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തു. പാലസ്തീനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രത്യേകിച്ച് പാലസ്തീനും കേരളവും തമ്മിലുള്ള ബന്ധവുമായിരുന്നു പ്രധാന വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് കേരളം ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ഈ പിന്തുണ തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബു ഷാവേഷ് പറഞ്ഞു. പാലസ്തീൻ ജനതയ്ക്കുള്ള സഹായവും ഗാസ മുനമ്പിന്‍റെ പുനർനിർമാണവും സംബന്ധിച്ച് ചർച്ച നടന്നോയെന്ന ചോദ്യത്തിന്, ഈ വിഷയം സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്തില്ല. പതിവുപോലെ ഇന്ത്യാ സർക്കാരുമായി ഇത് ചർച്ച ചെയ്യും. എന്നാൽ കേരള സർക്കാരുമായോ സംസ്ഥാന മുഖ്യമന്ത്രിയുമായോ ചർച്ച ചെയ്യേണ്ട എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അത് കേരളത്തിൽ വച്ച് ചർച്ച ചെയ്യും''- അബു ഷാവേഷ് പറഞ്ഞു.