തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അപ്രതീക്ഷിത വിയോഗം
കോട്ടയം: സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി 30 വർഷം പഞ്ചായത്തംഗമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസാദിന്‍റെ ഏഴാമത്തെ വിജയമാണ്. ശനിയാഴ്ച രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽകണ്ട് മിഠായി വിതരണം ചെയ്തിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താനിരിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിത വിയോഗം.
ഞായറാഴ്ച 2 മണിയോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്നു നാരകത്തോട്, അടുമ്പുംകാട്, മഠത്തിൽ കവല വഴി മീനടം ആശുപത്രിപ്പടിയിൽ എത്തിച്ചേരും. കോൺഗ്രസ് ഭവനിൽ 4നു പൊതുദർശനം. 5നു പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനും അവസരം ഉണ്ടാകും. ഭാര്യ: മല്ലപ്പള്ളി ചേച്ചാടിക്കൽ പ്രീത പ്രസാദ്. മകൻ: ഹരി നാരായണ പ്രസാദ്.