സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും കൊറിയർ സർവീസുമായി കെഎസ്ആർടിസി. ഒരു ഡിപ്പൊയിൽ നിന്നും മറ്റൊരു ഡിപ്പൊയിലേക്ക് സാധനങ്ങളും കവറുകളും എത്തിക്കുന്ന രീതിയിൽ ആരംഭിക്കുന്ന സർവീസ് പിന്നീട് സ്വകാര്യ പങ്കാളിത്തത്തോടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കാനാണ് ആലോചന.
നിലവിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ നിരക്കിനേക്കാൾ കുറഞ്ഞ തുകയും കൂടുതൽ വേഗത്തിലും സേവനം ലഭിക്കുമെന്നതാണ് കോർപ്പറേഷൻ അവകാശപ്പെടുന്നത്. കൊറിയർ കൊണ്ടുപോകുന്ന ബസിലെ കണ്ടക്റ്റർക്കും ഡ്രൈവർക്കും ഇൻസെന്റീവ് നൽകും. ട്രാക്കിങ്ങിനായി പുതിയ സോഫ്റ്റ്വെയറും ഒരുക്കുന്നതോടെ പാഴ്സൽ എവിടെ എത്തിയെന്നതടക്കം വിവരം ഉപഭോക്താവിന്റെ മൊബൈലിൽ ലഭ്യമാകും. കൊറിയർ സർവീസിലൂടെ മാസം 5 കോടി രൂപ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ 55 ഡിപ്പൊകളിൽ സൗകര്യമുണ്ടാകും.
ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സേവനം ഉണ്ടാകും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. 2 മാസത്തിനകം കൊറിയർ സർവീസ് ഉദ്ഘാടനം ചെയ്യാനാണ് കോർപ്പറേഷന്റെ പദ്ധതി. ഡിപ്പൊയിൽ കൊറിയർ സർവീസിന് ഫ്രണ്ട് ഓഫിസും കസ്റ്റമർ കെയർ സെന്ററും തുറക്കും. കൊറിയർ അയക്കാനുള്ളവർ സാധനങ്ങൾ പായ്ക്ക് ചെയ്ത് എത്തിക്കണം. കൊറിയർ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും എസ്എംഎസ് ലഭിക്കും.
നഗരങ്ങളിലെയും ദേശീയത പാതയ്ക്ക് സമീപവുമുള്ള ഡിപ്പൊകളിൽ നിന്ന് 24 മണിക്കൂറും സർവീസുണ്ടാകും. ഉൾപ്രദേശങ്ങളിലെ ഡിപ്പൊകളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാകും. സാധനങ്ങൾ 3 ദിവസത്തിനകം സ്വീകരിക്കണം. പിന്നീട് ഡെലിവറിക്ക് പിഴയീടാക്കും.
എറണാകുളം വരെയുള്ള പാർസലുകൾ 6 മണിക്കൂറും തൃശൂർ വരെയുള്ളവയ്ക്ക് 8 മണിക്കൂറും ആണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ദിവസത്തിനുള്ളിൽ കേരളത്തിൽ ഏത് ഡിപ്പൊയിലേക്കും കൊറിയർ എത്തിക്കാനുള്ള പദ്ധതിയുമുണ്ട്. 2015ൽ ആരംഭിച്ചിരുന്ന റീച്ചോൺ കൊറിയർ സർവീസ് കരാർ അവസാനിച്ചതോടെ 2018 ഓഗസ്റ്റിൽ നിർത്തലാക്കിയിരുന്നു.