മഴ ഇല്ല, ചൂട് കൂടുന്നു; ശനിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, നിയന്ത്രണം ആറു മണിക്കും 12 മണിക്കും ഇടയിൽ
Representative image
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച രാത്രി ഭാഗിരമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം ആറു മണിക്കും 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്.
അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്.- അറിയിപ്പിൽ പറയുന്നു
കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുമുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കും എന്നാണ് കെഎസ്ഇബി അറിയിച്ചത്.