കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അബുദാബിയിൽ സംഘടിപ്പിച്ച മലയാളോത്സവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു.

 
Kerala

കേരളത്തിലെ ഭരണനേട്ടങ്ങൾ അബുദാബിയിൽ ഉയർത്തിക്കാണിച്ച് മുഖ്യമന്ത്രി

കേരളത്തിൽ നിക്ഷേപം നടത്താൻ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

UAE Correspondent

അബുദാബി: കേരളത്തിൽ നിക്ഷേപം നടത്താൻ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ വികസനനേട്ടങ്ങൾ ആഗോള തലത്തിൽ ശ്രദ്ധേയമാണ്. കിഫ്‌ബിയുടെ നേതൃത്വത്തിൽ പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തെക്കുറിച്ച് യുഎഇ ഭരണാധികാരികൾ മനസിലാക്കിയത് പ്രവാസികളിലൂടെയാണ്. പ്രവാസി മലയാളികൾക്ക് വലിയ പിന്തുണയാണ് ഭരണാധികാരികൾ നൽകുന്നത്. യുഎഇ ഭരണാധികാരികൾ കേരളം ഞങ്ങളുടെ ഹൃദയത്തിലാണ് എന്നു പറഞ്ഞത്‌ ഈ ഘട്ടത്തിൽ ഓർക്കുന്നു എന്നും മുഖ്യമന്ത്രി.

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അബുദാബിയിൽ സംഘടിപ്പിച്ച മലയാളോത്സവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു.

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം നാടിന്‍റെ അഭിവൃദ്ധിക്ക് ഇടയാക്കി. 2018ൽ കേരളം നേരിട്ട മഹാപ്രളയത്തിൽ ലോകം മുഴുവൻ നമുക്കൊപ്പം നിന്നു. അന്നത്തെ യുഎഇയുടെ പിന്തുണ എക്കാലവും മനസിൽ സൂക്ഷിക്കും. അതിന് ഇടയാക്കിയത് പ്രവാസികളാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അബുദാബിയിലെ സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനത്ത് നടന്ന കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട മലയാളോത്സവത്തിലാണ് പതിനായിരക്കണക്കിന് മലയാളികള്‍ മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കിയത്.

യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മലയാളോത്സവം ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി എ.ജയതിലക്, സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവ ഹാജി, ഐഎസ് സി പ്രസിഡന്‍റ് ജയചന്ദ്രന്‍ നായര്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ് സലിം ടി.എം, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ടികെ മണികണ്ഠന്‍, അല്‍ഐന്‍ ഐഎസ് സി പ്രസിഡന്‍റ് റസ്സല്‍ മൊഹമ്മദ് സാലി, അഡ്വ.അന്‍സാരി, ബീരാന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ലോക കേരളസഭ, മലയാളം മിഷന്‍, അബുദാബിയിലെയും അല്‍ഐനിലെയും അംഗീകൃത പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ഡൽഹി സ്ഫോടനം: കേരളത്തിൽ സുരക്ഷ ശക്തം

ഡൽഹി സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി

മഹാരാഷ്ട്രയിൽ അതീവ ജാഗ്രത; മുംബൈയിൽ സുരക്ഷ ശക്തം

ഡൽഹിയിൽ സ്ഫോടനം: 13 പേർ മരിച്ചു