ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം, കോൺഗ്രസ് നേതാവിനെതിരേ കേസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരേ കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ചിത്രം എഐ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ്.
പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പിലാണ് എൻ. സുബ്രഹ്മണ്യൻ ചിത്രം പങ്കുവച്ചത്. പിന്നാലെ ചിത്രം എഐയിൽ നിർമിച്ചതാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്നും അതിന്റെ വസ്തുതകൾ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.