പിഎം ശ്രീയിൽ സിപിഎം - സിപിഐ സമവായം; മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഎം - സിപിഐ സമവായം തെളിഞ്ഞതോടെ ബുധനാഴ്ച വൈകിട്ട് വിളിച്ച് ചേർത്തിട്ടുള്ള മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്ന് വിവരം. പിഎം ശ്രീയിലെ തുടർനടപടികൾ തടയുകയും കേന്ദ്രത്തിന് കത്തയക്കാമെന്ന ധാരണയിലെത്തുകയും ചെയ്തതോടെയാണ് സിപിഐ അയഞ്ഞത്. ഇതോടെയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനവും പാർട്ടി തിരുത്തുകയായിരുന്നു.
നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ചാണ് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും തങ്ങളുടെ നിബന്ധനകൾ കൂടി അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക.
ഇത് സംബന്ധിച്ച് ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇതിൽ സിപിഐയും സമ്മതം അറിയിച്ചതോടെയാണ് കുറച്ച് ദിവസങ്ങളായി തുടരുന്ന സിപിഎം-സിപിഐ പ്രശ്നത്തിന് താത്ക്കാലിക പരിഹാരമാവുന്നത്.