പിണറായി വിജയനും ബിനോയ് വിശ്വവും
file image
തിരുവനന്തപുരം: സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പിഎം ശ്രീയുടെ തുടർനടപടി മരവിപ്പിച്ച് സർക്കാർ. നിലവിൽ സിപിഐയുടെ ഉപാധികൾ അംഗീകരിച്ച് സിപിഎം കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. പിഎം ശ്രീയിലെ എല്ലാ നടപടികളും കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ഇത് അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോവാമെന്നുമാവും കത്തിലൂടെ സർക്കാർ വ്യക്തമാക്കുക.
ഇത് സംബന്ധിച്ച് ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കുകയും ശേഷം കത്തയക്കുകയും ചെയ്യാമെന്നാണ് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ തിരുമാനിച്ചത്. ഇത് സിപിഐയെ അറിയിക്കും.
പദ്ധതി മരവിപ്പിക്കണമെന്നായിരുന്നു സിപിഐയുടെ നിലപാട്. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് സിപിഐ വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇതിനിടെയാണ് ഇത്തരമൊരു തീരുമാനം വരുന്നത്. ഇത് സിപിഐ അംഗീകരിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.