സ്വകാര്യ ബസ് സമരം പിൻവലിച്ചു
file image
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച് ഈ മാസം 29ന് വീണ്ടും ചർച്ച നടത്തും.
പബ്ലിക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിബന്ധന ഒരു മാസത്തേക്ക് മാറ്റിവയ്ക്കുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകി. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നിയമപരമായി തടസമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.
ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ.കെ. തോമസ്, ബിബിൻ ആലപ്പാട്, കെ.ബി. സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയവർ പങ്കെടുത്തു.