കോട്ടയം: നാടക് കോട്ടയം ജില്ലാ കമ്മിറ്റി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് പ്രൊഫസർ പെരുന്ന വിജയൻ സ്മാരക നാടക് സമഗ്ര സംഭാവന അവാർഡ് പ്രഖ്യാപിച്ചു. 25000 രൂപയും ആർട്ടിസ്റ്റ് പിഎം യേശുദാസ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ആണ് അവാർഡ്. 40 വർഷത്തിലേറെക്കാലമായി നാടക രംഗത്തെ സജീവ പ്രവർത്തകനും നടനും സംവിധായകനും എഴുത്തുകാരനുമായ പി ജെ ഉണ്ണികൃഷ്ണനാണ് അവാർഡ് ജേതാവ്. പ്രശസ്ത നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരത്തിന് അർഹനുമായ പൊൻകുന്നം സെയ്ദ് ആയിരുന്നു ജൂറി അധ്യക്ഷൻ.
നാടക പ്രവർത്തകരായ മാല കാലാക്കൽ, ഷാജി അമ്പാട്ട് എന്നിവർ ജൂറി അംഗങ്ങളും ഒഫീഷ്യൽ അംഗങ്ങളായി നാടക് ജില്ലാ പ്രസിഡന്റ് കെ .രമേശൻ ജില്ലാ സെക്രട്ടറി കെ.എസ് സോമശേഖരൻ എന്നിവർ അടങ്ങിയ കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രൊഫസർ പെരുന്ന വിജയന്റെ ചരമദിനമായ 2023 ഏപ്രിൽ 29ന് ചങ്ങനാശേരിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കും.