പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.സ്. പ്രശാന്തിന് ജാമ‍്യം ലഭിച്ചു. ആരോഗ‍്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കേസിൽ നേരത്തെ പി.എസ്. പ്രശാന്ത് ജാമ‍്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു. ജൂലൈ 23നാണ് കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ ചട്ടം ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ പ്രശാന്തിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ‍്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതുസംബന്ധിച്ച തെളിവുകൾ അടങ്ങിയ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രശാന്തിനെതിരെ എസ്ഐടി ചുമത്തിയിരുന്നത്. തന്ത്രി കണ്ഠര് രാജീവര്, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, മുൻ ശബരിമല എക്സിക്യുട്ടീവ് ഓഫിസർ മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണ് കേസിൽ പങ്കുള്ള മറ്റുള്ളവർ.