സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങൾക്ക് പെൻഷൻ തുക കൂടും; രണ്ട് സർവീസും പരിഗണിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരായി ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി കണക്കാക്കി പിഎസ്‌സി അംഗങ്ങൾക്ക് പെൻഷൻ നൽകാനാണ് ഉത്തരവ്. നിലവിൽ സർക്കാർ ജീവനക്കാർ ആയിരുന്ന പിഎസ്‌സി അംഗങ്ങൾക്ക് ഏതെങ്കിലും ഒരു പദവി പ്രകാരമുള്ള പെൻഷൻ മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കാറുള്ളൂ. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാവർക്കും ഈ രീതിയിൽ പെൻഷൻ നൽകാനാണ് സർക്കാർ തീരുമാനം.
പിഎസ്‌സി ഘടന പ്രകാരം 50 ശതമാനം പേരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരായിരിക്കും. പിന്നീട് അഞ്ച് മുതൽ ആറ് വർഷം വരെ പിഎസ്‌സി അംഗമായി തുടരാം. മുൻ കാലങ്ങളിൽ സർക്കാർ സർവീസിന്‍റെ പെൻഷൻ ഉയർന്ന തുകയായിരുന്നതിനാൽ ഭൂരിഭാഗം പേരും അതായിരുന്നു തെരഞ്ഞെടുത്തിരുന്നത്. പിന്നീട് പിഎസ്‌സി പെൻഷനിൽ വർധനവ് വരുത്തിയതോടെ പെൻഷൻ തെരഞ്ഞെടുപ്പ് മാറ്റാൻ അവസരം നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.
പിഎസ്‌സി അംഗങ്ങളായി വിരമിച്ചിട്ടും സർക്കാർ സർവീസ് പെൻഷൻ തെരഞ്ഞെടുത്തിരുന്ന പി. ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ. കെ. ഉഷ എന്നിവർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തേ പിഎസ്‌സി അംഗങ്ങൾക്ക് സർക്കാർ സർവീസ് പെൻഷൻ കൂടി പരിഗണിച്ച് പെൻഷൻ നൽകിയിരുന്നുവെന്ന് ഇവർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ കോടതി നിർദേശിച്ചതോടെയാണ് സർക്കാർ പുതിയ തീരുമാനത്തിലെത്തിയത്. പക്ഷേ പുതിയ തീരുമാനം സർക്കാരിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയേക്കാം എന്നും വിമർശനം ഉയരുന്നുണ്ട്.