oommen chandy, M. A. Yusuff Ali
oommen chandy, M. A. Yusuff Ali 
Kerala

ഉമ്മൻ‌ചാണ്ടി ബാക്കിവെച്ച ആഗ്രഹം സാക്ഷാത്കരിച്ച് യൂസഫ് അലി; പുതുപ്പള്ളി എറികാട് ഗവണ്മെന്‍റ് യു.പി സ്കൂളിന് ഇനി സ്വന്തമായി സ്കൂൾ ബസ്

കോട്ടയം: ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഉറ്റ സുഹൃത്ത് ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച് എം.എ യൂസഫ് അലി. പുതുപ്പള്ളിയിലെ ഉമ്മൻ‌ചാണ്ടിയുടെ സഹോദരിയുടെ വസതിയിലെത്തി മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചു. ഉമ്മൻ‌ചാണ്ടിയുമായുള്ള ഓർമ്മകൾ അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. കേരളത്തിന്‍റെ ജനകീയ മുഖവും ജനങ്ങളുടെ നന്മക്കായി ഉഴിഞ്ഞു വെച്ച ജീവിതവുമായിരുന്നു ഉമ്മൻ‌ചാണ്ടിയുടേതെന്ന് യൂസഫ് അലി അനുസ്മരിച്ചു. സിയാൽ ഡയറക്റ്റർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിൽ ഉമ്മൻ‌ചാണ്ടിയുമായി വളരെ അടുത്ത് ഇടപഴകാൻ സാധിച്ചിട്ടുണ്ടെന്നും എപ്പോഴും നാടിന്‍റെ വികസനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു.

ഒരു മണിക്കൂറോളം ഉമ്മൻ‌ചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം ചെലവഴിച്ചു. പ്രവാസികളുടെയും നഴ്സുമാരുടെയും ആവശ്യങ്ങളിൽ എപ്പോഴും മുൻനിരയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു ഉമ്മൻ‌ചാണ്ടിയെന്നും, തളരാതെ മണിക്കൂറുകളോളം പ്രവർത്തിച്ച് അസംഖ്യം ആളുകൾക്ക് ആശ്വാസം പകരുന്നത് പതിറ്റാണ്ടുകളായുള്ള ബന്ധത്തിനിടെ താൻ സാക്ഷിയായിട്ടുണ്ടെന്നും യൂസഫ് അലി വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ യൂസഫലിയെ കാത്ത് നിരവധി വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. സ്കൂൾ കോമ്പൗണ്ടിൽ എത്തിയ അദ്ദേഹത്തെ വിദ്യാർഥികൾ സ്നേഹം കൊണ്ട് പൊതിഞ്ഞു.

തുടർന്ന് ഉമ്മൻ‌ചാണ്ടിയുടെ സഹോദരിയുടെ വസതിയിൽ എത്തിയ യൂസഫലിക്കായി സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 400ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പുതുപ്പള്ളി എറികാട് ഗവണ്മെന്‍റ് യു.പി സ്കൂളിന് സ്വന്തമായി ഒരു സ്കൂൾബസ് ഇല്ലായിരുന്നു. യൂസഫലിയെ ഈ വിവരം അറിയിച്ച് സ്കൂളിന്റെ ആവശ്യം സഫലീകരിക്കുമെന്ന് ഉമ്മൻ‌ചാണ്ടി അധികൃതരോട് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയ്ക്കിടെ ചാണ്ടി ഉമ്മനാണ് ഇക്കാര്യം യൂസഫലിയോട് പറഞ്ഞത്. തന്‍റെ ഉറ്റ സുഹൃത്തിന്‍റെ ആഗ്രഹം നിറവേറ്റുമെന്ന്, നിവേദനവുമായി എത്തിയ വിദ്യാർഥികൾക്ക് യൂസഫലി ഉറപ്പ് നൽകി. 45 സീറ്റിന്റെ ബസാണ് സ്കൂളിന് നൽകുക.

ഉമ്മൻ‌ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്ന് കൂടിയായിരുന്നു സർക്കാർ വിദ്യാലയത്തിനുള്ള ഈ സ്കൂൾ ബസ്. ആത്മ സുഹൃത്തിനോടുള്ള സ്നേഹർപ്പണമായാണ് എം.എ യൂസഫ് അലിയുടെ ഈ ഉറപ്പ്. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിലെത്തി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും