രാഹുൽ ഈശ്വർ

 
Kerala

രാഹുൽ ഈശ്വറെ ടെക്നോപാർക്കിലെത്തിച്ച് തെളിവെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി തുടര്‍ച്ചയായി വീഡിയോ ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ വാദം

Thiruvananthapuram Bureau

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി. രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി തുടര്‍ച്ചയായി വീഡിയോ ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ വാദം. അതിനാല്‍ കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്നും രാഹുലിനെ ടെക്‌നോപാര്‍ക്കിലെ ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിനെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസിൽ എത്തിച്ച് തെളിവെടുത്തു. മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ടെക്നോപാർക്കിലെ ഓഫീസിൽ വെച്ചാണ് രാഹുൽ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ്. രാഹുൽ ഈശ്വറിന്‍റെ പ്രവർത്തിയിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ഓഫീസിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നുമാണ് പൊലീസ് വാദം.

എന്നാൽ, തനിക്കെതിരേ എടുത്തത് കള്ളക്കേസാണെന്നും ജയിലിൽ നിരാഹാര സമരം തുടരുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം, രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. ഇതിനിടെ വൈദ്യപരിശോധനക്കെത്തിച്ച രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര ജയിലില്‍ നിരാഹാരം തുടരുകയായിരുന്ന രാഹുലിന് ക്ഷീണമുള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്നത്.

അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. വിശദ അന്വേഷണം നടത്തിയതിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസിന്‍റെ നടപടി.

കേസ് കെട്ടിച്ചമച്ചതാണെന്നും അതിജീവിതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അതിജീവിതയുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചിട്ടില്ല. ഉള്ളടക്കം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. വീഡിയോ കോടതി കണ്ടില്ലെന്നും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസവും കോടതി ജാമ്യം നിഷേധിച്ചിരുന്നു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല

ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ്

തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം