രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യ ഹർജിയിലെ വിവരങ്ങൾ പുറത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുൽ അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ഈ കേസിലെ മുഴുവൻ കാര്യങ്ങളും ബാലിശവും വ്യാജവുമാണെന്നാണ് രാഹുലിന്‍റെ ജാമ്യഹർജിയിൽ അവകാശപ്പെടുന്നത്. പരാതിക്കാരി വിവാഹിതയായ സ്ത്രീയാണ്. ഉഭയസമ്മതത്തോടെയാണ് ബന്ധമുണ്ടായിരുന്നത്. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തതെന്നും ജാമ്യഹർജിയിൽ ഉണ്ട്.
പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല. പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങൾ അവർക്കറിയാം. ബന്ധത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച് അവർക്ക് അറിയാമെന്നും ഹർജിയിൽ പറയുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യ ഹർജി പരിഗണിക്കും. വിദേശത്തുള്ള പരാതിക്കാരി ഇമെയിൽ വഴിയാണ് ഡിജിപിക്ക് പരാതി നൽകിയത്.
2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും പിന്നീട് രാഹുൽ വാട്സാപ്പിൽ തുടർച്ചയായി സന്ദേശങ്ങൾ അയച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. വിവാഹമോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതേക്കുറിച്ച് സംസാരിക്കാനായാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്നും എന്നാൽ മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഡിഎൻഎ പരിശോധിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഡിഎൻഎ സാമ്പിൾ തരാൻ രാഹുൽ തയാറായിരുന്നില്ലെന്നും പരാതിയിലുണ്ട്.