ഫെന്നി നൈനാന്‍റെ തെരഞ്ഞെടുപ്പ് പോസ്റ്റർ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിക്കു ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി സൂചന. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് അറിയുന്നത്. ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി.
ഗർഭഛിദ്രം നടത്താൻ രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്റ്ററോടു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ ഡോക്റ്റർ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതിയിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എതിർക്കാനാണ് പൊലീസ് തീരുമാനം.
ഇതിനിടെ, പുതിയ പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകിയ രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ നിന്നാണ് പുതിയ പരാതിയെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയെത്തിയ പരാതി അന്വേഷണത്തിനായി കെപിസിസി നേതൃത്വം ഡിജിപിക്കു കൈമാറി.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി ഉൾപ്പടെയുള്ളവർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരുമണിയോടെയാണ് യുവതി ഇമെയിൽ മുഖേന പരാതി അയക്കുന്നത്. ആദ്യത്തെ കേസിനു സമാനമായി, ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട ശേഷമാണ് പീഡനം നടത്തിയതെന്നാണ് പുതിയ പരാതിയിലെയും ആരോപണം.
ക്രൂരമായ പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ആദ്യ ആക്രമണത്തിനു ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ച രാഹുൽ ഒരു മാസത്തിന് ശേഷം വീണ്ടും സന്ദേശങ്ങൾ അയച്ചു തുടങ്ങി. തന്നെ ഗർഭിണിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പെൺകുട്ടി ആരോപിച്ചു.
2023ൽ ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി വിവാഹം കഴിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു. വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ച ശേഷം ഡിസംബറിൽ പെൺകുട്ടി നാട്ടിലെത്തിയപ്പോൾ രാഹുലും പെൺകുട്ടിയും കണ്ടുമുട്ടുകയും, അവിടെ നിന്ന് കാറിൽ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
പീഡനം നടക്കുന്ന സമയത്ത് രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അടൂർ നഗരസഭ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി നൈനാൻ.