രാജീവ് ചന്ദ്രശേഖർ
കൊച്ചി: വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്‍റോ അഗസ്റ്റിൻ, കൺസൾറ്റിങ് എഡിറ്റർ അരുൺ കുമാർ, കോഓർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോഓർഡിനേറ്റർ ജിമ്മി ജയിംസ്, കോഓർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ്, തിരുവനന്തപുരം ചീഫ് റിപ്പോർട്ടർമാരായ റഹീസ് റഷീദ്, ആർ. റോഷി പാൽ എന്നിവരടക്കം 9 പേർക്കെതിരേയാണ് കേസ്.
തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി തന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് കേസിൽ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നത്.
മുംബൈ ആസ്ഥാനമായ ആർഎച്ച്പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
ബിപിഎല്ലിനു ടെലിവിഷൻ നിർമാണ യൂണിറ്റ് തുടങ്ങാൻ കർണാടക സർക്കാർ പാട്ടത്തിനു കൊടുത്ത ഭൂമി തിരിച്ചുപിടിക്കാൻ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്‍റ് ബോർഡ് ഉത്തരവിറക്കിയെന്നായിരുന്നു റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത. ഇത് രാജീവ് ചന്ദ്രശേഖർ നടത്തിയ ഭൂമി കുംഭകോണമായിരുന്നു എന്നും, 2005ലെ ഉത്തരവ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം അട്ടിമറിച്ചെന്നും ആയിരുന്നു ആരോപണം.
എന്നാൽ, ഭൂമി ഇടപാടിൽ തിരിമറിയൊന്നും നടന്നിട്ടില്ലെന്ന് 2003ലെ സുപ്രീം കോടതി ഉത്തരവിൽ തന്നെ വ്യക്തമാണെന്ന് ബിപിഎൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, രാജീവ് ചന്ദ്രശേഖറിന് ബിപിഎല്ലുമായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളോ ഓഹരി പങ്കാളിത്തമോ ഇല്ലെന്നും കമ്പനി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാട്ടമായി നൽകിയ ഭൂമിയിൽ അഞ്ച് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളതെന്ന റിപ്പോർട്ടിലെ പരാമർശവും നിഷേധിച്ച ബിപിഎൽ, 450 കോടി രൂപയുടെ നിക്ഷേപം ഇവിടെ നടത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ നിന്നും മെസി വിവാദത്തിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു തനിക്കെതിരായ ആരോപണമെന്ന് രാജീവ് ചന്ദ്രശേഖറും പറയുന്നു. ബിപിഎൽ മേധാവി എന്നാണ് ചാനൽ വാർത്തയിൽ രാജീവ് ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചിരുന്നത്. ഇതു പൂർണമായും സത്യവിരുദ്ധമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.