റേഞ്ച് ഓഫീസർ സുധീഷ് കുമാർ
തിരുവനന്തപുരം: ഇരുതലമൂരിയെ കടത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പിടിയിലായി. പാലോട് റേഞ്ച് ഓഫിസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 2023 ൽ സുധീഷ് കുമാർ പരുത്തിപ്പളളി റേഞ്ച് ഓഫിസറായിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസിൽ നടപടിയെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സുധീഷ് കുമാർ സസ്പെൻഷനിലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് സർവീസിൽ തിരിച്ചു കയറിയത്.
ഇരുതലമൂരിയെ കടത്താനുപയോഗിച്ച പ്രതികളായ സജിത്, രാജ്പാൽ എന്നിവരെയും അവർ ഉപയോഗിച്ച ടൊയോട്ട ക്വാളിസ് വാഹനവും ഇയാൾ അന്ന് കസ്റ്റഡിയിലെടുത്തു. അതിനു ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തിയെന്നാണ് കേസ്.
രാജ്പാലിന്‍റെ ബന്ധു നൽകിയ ഒരുലക്ഷവും, സജിത്തിന്‍റെ സഹോദരിയുടെ ഗൂഗിൾ പേ വഴി അയച്ച 45,000 രൂപയും വനം വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫിസർ സുധീഷ് കുമാറിനെയും ഡ്രൈവർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.