5ന് ശേഷം താലൂക്ക് തല ക്യാമ്പുകൾ സംഘടിപ്പിക്കും റേഷൻ മസ്റ്ററിങ് 5 വരെ നീട്ടി Representative image
Kerala

5ന് ശേഷം താലൂക്ക് തല ക്യാമ്പുകൾ സംഘടിപ്പിക്കും റേഷൻ മസ്റ്ററിങ് 5 വരെ നീട്ടി

16 ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് നവംബര്‍ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനിൽ. 16 ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. മസ്റ്ററിങ് സമയപരിധി 25ന് അവസാനിച്ചിരുന്നു. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിങ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി അനിൽ പറഞ്ഞു.

മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മസ്റ്ററിങ് നടത്തി വരുന്നു. ഇത് നവംബര്‍ 5 വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് ഐറിസ് സ്കാനര്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കും. ഇതിനായി വിവിധ താലൂക്കുകളില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5ന് ശേഷം സംഘടിപ്പിക്കുമെന്ന് മന്ത്രി അനിൽ അറിയിച്ചു.

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിങ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിങ്ങിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. 31നകം മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്