വീട്ടിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ അറസ്റ്റിൽ
കൊച്ചി: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവിയുടെ മാനേജിങ് ഡയറക്റ്റർ ആന്‍റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് കളമശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വയനാട്ടിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റോക്കെതിരേ എക്സൈസ് വകുപ്പ് കേസെടുത്തത്. അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന് അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം ആന്‍റോ അഗസ്റ്റിനെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ആന്‍റോയുടെ വാഴവറ്റയിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനും പിടികൂടിയത്.
അർജന്‍റീന ഫുട്ബോൾ താരം ലയണൽ മെസിയെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആന്‍റോ അഗസ്റ്റിന്‍റെയും സഹോദരന്മാരായ രണ്ടുപേരുടെയും കൊച്ചിയിലെയും വയനാട്ടിലെയും ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മെസിയുമായി ബന്ധപ്പെട്ട ഫുട്ബോൾ പരിപാടിയുടെ അന്വേഷണത്തിൽ ആവശ്യമായ എല്ലാ രേഖകളും കൈമാറിയെന്നും പരിശോധന പൂർത്തിയായെന്നും ആന്‍റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇപ്പോഴത്തെ അറസ്റ്റ് എക്സൈസ് കേസിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ കൊച്ചിയിലായിരുന്നെന്നും വീട്ടിൽ മദ്യം കണ്ടെത്തിയതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ആന്‍റോയുടെ മറുപടി. താൻ മദ്യപിക്കുന്ന ആളല്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും ആന്‍റോ പറഞ്ഞു.