ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥരും Freepik
Kerala

ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥരും

അർഹതയില്ലാത്തവർക്കും നിയമവിരുദ്ധമായി ഭൂമി തരംമാറ്റി നൽകുന്നു, വൻതുക ഫീസും ഈടാക്കുന്നതായി വിജിലൻസ് കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും സ്വകാര്യ ഏജന്‍സികളും റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരം മാറ്റത്തിന് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വസ്തുവിന്‍റെ ഉടമകളെ കണ്ടെത്തി അവരുമായി ധാരണയിലേര്‍പ്പെട്ട ശേഷം ആര്‍ഡിഒ ഓഫീസുകളില്‍ വസ്തു തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കുന്നു. ഇത്തരം അപേക്ഷകളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇത്തരം ഏജന്‍സികള്‍ 10 മുതല്‍ 50 സെന്‍റ് വരെ ഭൂമി തരം മാറ്റുന്നതിന് അപേക്ഷകരില്‍ നിന്നു വന്‍തുക ഫീസായി ഈടാക്കുന്നുണ്ട്. ഓഫീസുകളില്‍ എത്തുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷി ഓഫീസിലെത്തുമ്പോള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും ലോക്കല്‍ ലെവല്‍ മോനിറ്ററിങ് കമ്മിറ്റി അംഗങ്ങളെയും ഇത്തരം സ്വകാര്യ വ്യക്തികളും സ്വകാര്യ ഏജന്‍സികളും സ്വാധീനിച്ച് അര്‍ഹതയില്ലാത്തതും നിയമവിരുദ്ധമായും ഭൂമി തരംമാറ്റം ചില സ്ഥലങ്ങളില്‍ തരപ്പെടുത്തുന്നു.

സംസ്ഥാനത്ത് ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതും 2008ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കി ഇനം മാറ്റി നല്‍കുന്നതിനു ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേട് നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളില്‍ സ്ഥല പരിശോധനയും വിജിലന്‍സ് നടത്തും.

രാജിയില്ല, സസ്പെൻഷൻ മാത്രം; എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ്

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് മരണം വരെ തടവ്

എംപിമാരുടെ ഒപ്പ് വ്യാജം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പ് മണ്ണിനടിയിലായി, ഗതാഗതം പൂർണമായും സംതംഭിച്ചു

രാഹുലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി സർക്കാർ മാറ്റി