കുമരകം, ആലപ്പുഴ, മലമ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്കായി 182.86 കോടി രൂപ

 
Kerala

കുമരകം, ആലപ്പുഴ, മലമ്പുഴ ടൂറിസം പദ്ധതികൾക്ക് 182.86 കോടി രൂപ

സ്വദേശ് ദർശൻ 2.0 പദ്ധതിയിലൂടെ കേരളത്തിന് ഇതുവരെ അനുവദിച്ചത് 182.86 കോടി രൂപയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം.

MV Desk

ന്യൂഡൽഹി: രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "സ്വദേശ് ദർശൻ 2.0' പദ്ധതിയിലൂടെ കേരളത്തിന് ഇതുവരെ അനുവദിച്ചത് 182.86 കോടി രൂപയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം.

കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾക്കാണ് തുക അനുവദിച്ചത്. ഇതിനു പുറമേ സ്വദേശ് ദർശൻ, ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡവലപ്‌മെന്‍റ്, പ്രസാദ്, അസിസ്റ്റൻസ് ടു സെൻട്രൽ ഏജൻസീസ് ഫോർ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ്, സ്‌പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്‌സ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്‍റ് എന്നീ പദ്ധതികൾ വഴിയും കേരളത്തിലെ ടൂറിസം മേഖലാ വികസനത്തിനായി സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞു. ലോക്സഭയിൽ കേരള തീരദേശ സർക്യൂട്ടുമായി ബന്ധപ്പെട്ട ഡോ. എം.പി. അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുമരകം പക്ഷിസങ്കേതത്തിനായി 2023-24 കാലയളവിൽ 13.81 കോടി രൂപയും ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡിനായി 93.18 കോടി രൂപയും മലമ്പുഴ ഗാർഡൻ, ഉല്ലാസ കേന്ദ്രം എന്നിവയ്ക്കായി 75.87 കോടി രൂപയും 2024-25 കാലയളവിൽ അനുവദിച്ചു.

മലപ്പുറം ജില്ലയിലെ തീരദേശ സമൂഹങ്ങളുടെ വികസനത്തിനായുള്ള പദ്ധതികൾ തീരദേശ സർക്യൂട്ട് വികസനത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് തീരദേശ ‌സർക്യൂട്ട് ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുന്നതും വികസിപ്പിക്കുന്നതും പ്രാഥമികമായി അതത് സംസ്ഥാന ഗവൺമെന്‍റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയാണെന്നു മന്ത്രി മറുപടി നൽകി.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി