ശബരിമലയിൽ പുലാവിന് പകരം സദ്യ നൽകാനുള്ള തീരുമാനത്തെ എതിർത്ത് സിപിഎം സംഘടന
പത്തനംതിട്ട: ശബരിമലയിൽ അന്നദാനത്തിന് പുലാവിനു പകരം സദ്യ നൽകുന്ന തീരുമാനത്തെ എതിർത്ത് ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടന. ബോർഡിനെ കടക്കെണിയിലാക്കുന്നതാണ് സദ്യയെന്നാണ് സംഘടന പറയുന്നത്. തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. സിപിഎം അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷനാണ് രംഗത്തെത്തിയത്.
സദ്യയ്ക്ക് പകരം ഗുണനിലവാരമുള്ള ഭക്ഷണം നൽകാം, പല സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്നതിനാൽ എല്ലാവർക്കും സ്വീകാര്യമായ ഭക്ഷണം നൽകുന്നതാണ് നല്ലത്. അന്യ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ അടക്കം അഭിപ്രായങ്ങൾ പരിഗണിച്ചാണ് പെന്നിയരിയിലുള്ള പുലാവ് നൽകുന്നത്. പകരം സദ്യയാക്കിയാൽ ചോറ്, പരിപ്പ്, പപ്പടം, അവിയൽ, തോരൻ, അച്ചാർ, പായസം എന്നിവ നൽകിയാൽ ബോർഡിന് സീസണിൽ കോടിക്കണക്കിന് രൂപ ചെലവു വരും. മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് സദ്യ ഇഷ്ടപ്പെടണമെന്നുമില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദേവസ്വം കമ്മിഷണർ, അക്കൗണ്ട്‌സ് ഓഫീസർ, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ എന്നിവരുൾപ്പെട്ട ട്രസ്റ്റിലേക്കു ഭക്തരുടെ സംഭാവനയാണ് അന്നദാനച്ചെലവിന് ഉപയോഗിക്കുന്നത്. എന്നാൽ ബോർഡിന് ആവശ്യത്തിന് പണമില്ലെന്നുമാണ് വിവരം. അവരുടെ പണം കൊണ്ട് മാത്രം സദ്യ നൽകാനാവില്ല. ബോർഡിന്‍റെ പൊതുഫണ്ട് ഉപയോഗിക്കേണ്ടി വരും. ഇത് പരിഗണിച്ചാണ് സംഘടനയുടെ തീരുമാനമെന്നാണ് വിവരം.