Kerala

അരവണയ്ക്കായി പ്രകൃതിദത്ത ഏലയ്ക്ക നല്‍കാൻ വനം വികസന കോര്‍പ്പറേഷന്‍

ഏലയ്ക്കയുടെ ഗുണനിലവാര പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഇത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുകയാണ്

കോട്ടയം: ശബരിമല സന്നിധാനത്ത് അരവണ നിര്‍മാണത്തിനാവശ്യമായ ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പ്പറേഷന്‍. ഇതിനായി  ഏലയ്ക്ക സംഭരിച്ചതായി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് പറഞ്ഞു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്ത ഏലയ്ക്കയാണ് ഇതിനായി ഉപയോഗിക്കുക. 

മുന്‍ ദേവസ്വം പ്രസിഡന്റിന്റെ കാലത്ത് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും നടപ്പിലായില്ല. ഏലയ്ക്കയുടെ ഗുണനിലവാര പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഇത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുകയാണ്. 12000 കിലോ ഏലയ്ക്കയാണ് ശബരിമലയിലേക്ക് ആവശ്യം. നിലവില്‍ 6000 കിലോ വരെ നല്‍കാന്‍ കഴിയുന്ന സ്ഥിതിയാണ് കോര്‍പറേഷനുള്ളത്. കൃഷി വ്യാപിപ്പിച്ചും ഉല്‍പ്പാദനം കൂട്ടിയും ശബരിമലയിലേക്ക് ആവശ്യത്തിനുള്ള ഏലയ്ക്ക നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ ഉടമസ്ഥയില്‍ നാഗമ്പടത്ത് എം.സി റോഡരികിലുള്ള സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ആര്‍ട്ട് ഗ്യാലറി നിര്‍മിക്കും. ഇവിടെ വനവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന ചിത്രങ്ങളും ചിത്രകാരന്മാരുടെ പെയിന്റിങുകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വില്‍പ്പനയും സാധ്യമാക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല കോര്‍പറേഷന്റെ അധീനതയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഇക്കോ ടൂറിസം വിപുലപ്പെടുത്താനും പദ്ധതികളുണ്ട്. ഗവി, മൂന്നാർ, വാഗമൺ, മീശപ്പുലിമല, അരിപ്പ തുടങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇക്കോ ടൂറിസം വിപുലപ്പെടുത്തും. കഴിഞ്ഞ വർഷം കോര്‍പറേഷന് ഒരു കോടി രൂപ ലാഭം ഉണ്ടായി എന്നും ലതിക സുഭാഷ് പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു