ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വെളളിയാഴ്ച ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.1998 മുതൽ തന്‍റെ കാലാവധി ഉൾപ്പെടെ ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പൂജ അവധിക്ക് ശേഷം കോടതിയെ സമീപിക്കുമെന്നും ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
1998 സെപ്റ്റംബറിൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയത് മുതൽ 2025 വരെയുള്ള നടപടികളെപ്പറ്റിയും പൂശിയ സ്വർണം, കുറവു വന്ന സ്വർണം, ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെയുള്ള വ്യക്തികൾ എന്നിവയെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും. പൂജാ അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഈ ആവശ്യം ഉന്നയിക്കും- പ്രശാന്ത് പറഞ്ഞു.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പോറ്റി ശബരിമലയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതായി മാധ്യമ വാർത്തകളിലൂടെ അറിഞ്ഞെന്നും ഇതിലെല്ലാം സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷവും ബിജെപിയും ഒപ്പം ഭരണ കക്ഷിയായ സിപിഐയും സമാന ആവശ്യം മുന്നോട്ടുവച്ചതോടെ ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണം മതിയെന്ന തീരുമാനത്തിലാണ് സർക്കാരും സിപിഎമ്മും.
അതിനിടെ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ക്ക് സ്വര്‍ണം പൂശിയതിന്‍റെ രേഖകള്‍ ദേവസ്വം മരാമത്ത് ഓഫിസില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തി. ഏറെനാളായി കാണാനില്ലായിരുന്ന രേഖകളാണ് പുറത്തുവന്നത്. 1998ലാണ് വിജയ് മല്യ വഴിപാടായി 30.3 കിലോ സ്വര്‍ണം നല്‍കിയതെന്ന് രേഖകളില്‍ വ്യക്തമാകുന്നു. ഈ സ്വര്‍ണം ഉപയോഗിച്ച് ആ വര്‍ഷം തന്നെ ശബരിമലയിലെ മേല്‍ക്കൂര, ശ്രീകോവില്‍, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയ്ക്ക് സ്വര്‍ണം പൂശി.
ജോലികളുടെ നിയന്ത്രണം ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. പിന്നീട് ഈ പാളികള്‍ക്ക് മങ്ങലേറ്റതോടെയാണ് വീണ്ടും അറ്റകുറ്റപ്പണികളിലേക്ക് കടന്നത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ തങ്ങൾക്കു ലഭിച്ചത് ചെമ്പ് പാളികളായിരുന്നു എന്നാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ വെളിപ്പെടുത്തല്‍. അന്ന് സ്വര്‍ണം പൂശിയ വസ്തുക്കള്‍ എങ്ങനെ 2019 ആയപ്പോള്‍ ചെമ്പായി എന്നതിലാണ് സംശയം.
ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പാളികളില്‍ സ്വര്‍ണം പൂശുന്ന നടപടികള്‍ ഏറ്റെടുത്തത്. തനിക്ക് ചെമ്പ് പാളികളാണ് ലഭിച്ചതെന്നാണ് പോറ്റി പറഞ്ഞത്. എന്നാല്‍ പോറ്റിയുടെ വാദം തള്ളുന്നതാണ് പുതിയ രേഖകള്‍. ഇക്കാര്യം പരിശോധിക്കാനാണ് ദേവസ്വം വിജിലന്‍സ് വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന്‍റെ യഥാര്‍ഥ രേഖകള്‍ പരിശോധിച്ചത്. രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന മറുപടിയാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്‍റെ ഓഫിസില്‍ നിന്ന് രേഖകള്‍ കിട്ടിയത്. അതേസമയം, സ്‌പോണ്‍സറായ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും.