ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ
പത്തനംതിട്ട: ശബരിമലയിൽ ഡിസംബർ 9 ചൊവ്വാഴ്ച വൻ ഭക്തജന പ്രവാഹം. 75,463 പേരാണ് ചൊവ്വാഴ്ച ആറു മണിവരെ മാത്രം ദർശനം നടത്തിയത്. ചൊവ്വാഴ്ച സ്പോട്ട് ബുക്കിങ് വഴി 7000ത്തിനു മുകളിൽ ഭക്തർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരുലക്ഷത്തിന് അധികം ഭക്തർ സന്നിധാനത്ത് ദർശനം നടത്തിയിരുന്നു.
ചൊവ്വാഴ്ച വിവിധയിടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഭക്തരുടെ എണ്ണത്തെ ബാധിച്ചിട്ടുള്ളതായാണ് പൊലീസിന്‍റെ വിലയിരുത്തൽ. അതേസമയം, സത്രം പുല്ലുമേട് വഴി വരുന്നവർക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണമുണ്ട്. 7 മണി മുതൽ പകൽ 12 മണി വരെ മാത്രമായിരിക്കും ഇതുവഴി പ്രവേശനം അനുവദിക്കുക.