ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക കണ്ടെത്തൽ. സ്വർണവ്യാപാരിയായ ഗോവർദ്ധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം അന്വേഷണ സംഘം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിശോധനയിലാണ് 400 ഗ്രാമിന് മുകളിലുള്ള സ്വർണക്കട്ടകൾ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത് വീട്ടിൽ നിന്നും സ്വർണനാണയങ്ങളും 2 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.
476 ഗ്രാം വരുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കർണാടക ബെല്ലായിലെ സ്വർണവ്യാപാരി ഗോവർധന് വിറ്റുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ.
അതേസമയം, ശബരമല സ്വർണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിവരികയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിലെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്.