കൊച്ചി: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഇടക്കാല റിപ്പോർട്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് കേസ് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് നിലവിലുള്ള പുരോഗതിയും ഇതുവരെയുള്ള കണ്ടെത്തലുകളും കോടതിയെ അറിയിച്ചത്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. അഭിഭാഷകരെ ഉൾപ്പെടെ കോടതി മുറിയിൽ നിന്ന് പുറത്തിറക്കിയ ശേഷം ജഡ്ജിമാർ അന്വേഷണ ഉദ്യോഘസ്ഥനോടു നേരിട്ടു സംസാരിക്കുകയും ചെയ്തു.
കേസ് ഇനി നവംബർ 15നായിരിക്കും പരിഗണിക്കുക. ദ്വാരപാലക വിഗ്രഹങ്ങൾക്കു പുറമെ ശ്രീകോവിൽ വാതിലിന്‍റെ കട്ടിളയിലും വശങ്ങളിലെ ഫ്രെയിമുകളിലും പൂശിയ സ്വർണത്തിലും തിരിമറി നടന്നതായി വ്യക്തമായതിനെത്തുടർന്ന്, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ആറാഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകാനുമാണ് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നത്.
കേസിലെ മുഖ്യപ്രതിയും സ്വർണം പൂശലിന്‍റെ സ്പോൺസറുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കം പത്ത് പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഇതിനിടെ, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ബെഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് വിവരം. അനന്ത സുബ്രഹ്മണ്യത്തെ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്.
2019ല്‍ ദ്വാരപാലക പാളികള്‍ സന്നിധാനത്ത് നിന്ന് ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ഹൈദരാബാദില്‍ വെച്ച് പാളികള്‍ നാഗേഷിന് കൈമാറിയത് അനന്ത സുബ്രഹ്മണ്യമായിരുന്നു. ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങുമ്പോള്‍ പോറ്റി സ്ഥലത്തു തന്നെ ഇല്ലായിരുന്നു എന്നാണ് പുതിയ വിവരം. അനന്ത സുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടേതടക്കം പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് പോറ്റി അന്വേഷണ സംഘത്തിനു കൈമാറിയിട്ടുള്ളത്. അതില്‍പ്പെട്ടയാളാണ് അനന്ത സുബ്രമണ്യം.
ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. താന്‍ ഒറ്റയ്ക്കല്ലെന്നും ബോര്‍ഡ് അംഗങ്ങളും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോറ്റിയുടെ വെളിപ്പെടുത്തിയത്.
ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഇൻവെന്‍ററി തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയും വൈകാതെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരൻ കഴിഞ്ഞയാഴ്‌ച ശബരിമല സന്ദർശിച്ച് സ്ട്രോങ് റൂമുകൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു.