പാഞ്ഞടുത്ത് കാട്ടാന, പുൽമേട്ടിൽ ശബരിമല തീർഥാടകർക്ക് നേരെ ആക്രമണം
ശബരിമല: ശബരിമല തീർഥാടകർക്ക് നേരെ കാട്ടാന ആക്രമണം. കാനനപാതയിലൂടെ വരുകയായിരുന്ന തീർഥാടകർ പുൽമേടിനടുത്തു വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്.
ചേർത്തല സ്വദേശിയായ രാഹുൽകൃഷ്ണനും (29) സംഘത്തിനും നേർക്കാണ് ആന പാഞ്ഞടുത്തത്. ശരണം വിളിച്ച് കാനന പാത താണ്ടുന്നതിനിടെ ആന ചിന്നംവിളിച്ച് പാഞ്ഞെത്തുകയായിരുന്നു. ഇതുകണ്ട് എല്ലാവരും ചിതറിയോടി. ഭയത്തിൽ നിലത്ത് കിടന്ന രാഹുലിന് അടുത്തേക്ക് ആന വന്നെങ്കിലും തിരിച്ചുപോവുകയായിരുന്നു. ശബരിമല ദർശനത്തിന് വരുമ്പോൾ ആനയെ കാണുന്നത് പതിവാണെങ്കിലും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് സംഘത്തിലുള്ളവർ പറഞ്ഞു.
കാനനപാതയിലൂടെ കൂടുതൽപേർ ഇപ്പോൾ ശബരിമല ദർശനത്തിന് വരുന്നുണ്ട്. 3500 പേരാണ് കഴിഞ്ഞ ദിവസം മാത്രം ഈവഴി വന്നത്. ഭക്തർ കരുതൽ പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശിച്ചു.