ശബരിമലയിൽ 332.77 കോടിയുടെ റെക്കോർഡ് വരുമാനം
സന്നിധാനം: ശബരിമല മണ്ഡലകാലത്ത് ഇക്കുറി റെക്കോഡ് വരുമാനം. വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17 കോടി രൂപ കാണിക്കയാണ്. കഴിഞ്ഞ വർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ കർശനമായ നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. തങ്ക അങ്കി ചാർത്തി പൂജ നടന്ന ശനിയാഴ്ച ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേ കാലയളവിൽ 32,49,756 പേർ എത്തി.
മണ്ഡല പൂജയിൽ സന്നിധാനം ഭക്തി സാന്ദ്രമായി. മണ്ഡല കാലത്തെ അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്ത് നടന്നു. അതിനു മുമ്പ് തിരുമുറ്റവും 18 പടികളും കഴുകി വൃത്തിയാക്കി. പിന്നെ അയ്യപ്പ വിഗ്രഹത്തിൽ ആറന്മുളയിൽ നിന്നെത്തിച്ച തങ്ക അങ്കി ചാർത്തി. ഉച്ചയ്ക്ക് 11 മണിയോടെ അങ്കി ചാർത്തിയുള്ള പൂജാ ചടങ്ങുകൾ പൂർത്തിയായി.
രാവിലെ 10.10ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് പൂജാ ചടങ്ങുകൾക്ക് തുടക്കമായത്. വൈകിട്ട് ദീപാരാധനയ്ക്കും രാത്രി 10ന് ഹരിവരാസനം ആലാപനത്തിനും ശേഷം നട അടച്ചതോടെ ഇക്കൊല്ലത്തെ മണ്ഡലകാലത്തിന് പരിസമാപ്തിയായി. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. ജനുവരി 14ന് മകരവിളക്ക്.