ശബരിമല സന്നിധാനം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിധിയിൽ പുനഃപരിശോധനയിലേക്ക് നീങ്ങാൻ ഇടത് മുന്നണിയിൽ തത്വത്തിൽ ധാരണ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ പിണക്കാതെയുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ പാർട്ടിയും മുന്നണിയും മുൻഗണന നൽകുന്നത്. യുവതീ പ്രവേശത്തിന് മുഖ്യമന്ത്രിയുടെ തോളൊപ്പം നിന്ന സമുദായിക നേതാക്കളടക്കം പിന്മാറിയതോടെ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി ഒരു പൊതുസമ്മതമായ നിലപാടിലെത്തണമെന്നാണ് സിപിഎമ്മിന്‍റെ ഇപ്പോഴത്തെ അഭിപ്രായം.
സമുദായിക സംഘടനകളടക്കം അനുകൂലിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഴയ കർക്കശമായ നിലപാടിൽ നിന്ന് മാറി സമവായത്തിനുള്ള സാധ്യത തേടുകയാണ് സർക്കാർ. വിഷയത്തിൽ മാർച്ച് 14ന് സുപ്രീം കോടതിയെ വിവരം അറിയിക്കേണ്ടതിനാൽ വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾക്കാണ് ആലോചന. ശബരിമലയിൽ വിശ്വാസികളായ യുവതികൾ കയറണമെന്നായിരുന്നു സർക്കാർ തുടക്കത്തിൽ സ്വീകരിച്ചിരുന്ന നിലപാട്.
വനിതാ മതിൽ അടക്കം കെട്ടി സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പിന്നീട് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ശബരിമലയിലെ ആചാരത്തിനൊപ്പമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. യുവതീപ്രവേശ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ദേവസ്വം ബോർഡും സർക്കാരും 2020-ൽ റിവ്യൂ ഹർജി കോടതിയിലെത്തിയപ്പോൾ വ്യക്തമാക്കിയത്. എന്നാൽ മാറിയ സാഹചര്യത്തിൽ വിഷയത്തിൽ എജിയുടെ നിയമോപദേശമടക്കം സ്വീകരിച്ചശേഷം മാത്രമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.
2018ല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചു നല്‍കിയ സർക്കാർ സത്യവാങ്മൂലമാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ആധാരമായത്. എന്നാല്‍ അത് പ്രായോഗികമായി നടപ്പിലാക്കാന്‍ ശ്രമിച്ചത് വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്നാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിലൂടെ സിപിഎം മനസിലാക്കിയത്. ഇതോടെ വീടുകൾ കയറിയിറങ്ങി ക്ഷമപറഞ്ഞാണ് തുടർഭരണം നേടിയെടുത്തത്.
ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ അനുവദിക്കണമെന്ന സർക്കാർ നിലപാട് ആദ്യമെല്ലാം കൈയടി നേടിയെങ്കിലും 'നവോത്ഥാന നായകൻ' എന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വിശ്വാസികൾ ഉൾപ്പെട്ട വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കിയെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തി. ഈ സാഹചര്യത്തിൽ വിശ്വാസികളെ പിണക്കാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ ഉറ്റുനോക്കുകയാണ് കേരളം.
പഴയ നിലപാടില്‍ ഉറച്ചുനിന്നാല്‍ അതു നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസിക വോട്ടുകൾ നഷ്ടമാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ നിലപാടിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും അവസരം കാത്തിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയും അയ്യപ്പസംഗമത്തിലെ ക്രമക്കേടുകളും ഉയർത്തി കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തെ ഇതിനകം സർക്കാരിനെതിരായ ആയുധമായി മാറ്റിക്കഴിഞ്ഞു.
സര്‍ക്കാര്‍ ആചാര സംരക്ഷണത്തിന് നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. ജനവികാരം മനസിലാക്കിയ സര്‍ക്കാര്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുമെന്ന് കരുതുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. തിരുത്തേണ്ടവര്‍ തിരുത്തണമെന്ന് വെള്ളാപ്പള്ളിയടക്കം പറയുമ്പോൾ അതിനെ അനുകൂലിക്കുന്ന തീരുമാനം ഇടതുമുന്നണി കൈക്കൊള്ളുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.