'കേരളത്തെ വീണ്ടും അപമാനിക്കാനുള്ള ശ്രമം'; കേരള സ്റ്റോറി 2 നെതിരേ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനെതിരേ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ചിത്രമെന്നു പറഞ്ഞ മന്ത്രി വിദ്വേഷം പടർത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.
ഫെയ്സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ വിമർശനം. നുണകൾ മാത്രം ഉത്പ്പാദിപ്പിക്കുന്ന സംഘ്പരിവാർ ഫാക്റ്ററിയുടെ മറ്റൊരു ഉത്പന്നമാണ് ചിത്രമെന്നും മതേതരത്വത്തിന്‍റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്‍റെ കേന്ദ്രമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ മുറിവേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും, വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ല. അന്വേഷണ ഏജൻസികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.