തിരുവനന്തപുരത്തു നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകളിൽ വർധന. തിരുവനന്തപുരത്ത് നിന്നു ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനസർവീസുകളുടെ എണ്ണം കൂട്ടി. നാല് സർവീസ് ഉണ്ടായിരുന്നത് ഏഴാക്കിയിട്ടുണ്ട്.
ഇത് കണക്കിലെടുത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തു നിന്ന് മാലിദ്വീപ് തലസ്ഥാനമായ മാലെയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന വിമാന സർവീസ് തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സർവീസ് 1:20 നു മാലെയിലെത്തും. തിരികെ ഉച്ചയ്ക്ക് 2:05 നു പുറപ്പെട്ട് 4:20 ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം- മാലെ, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകളിൽ നിലവിൽ മാൽഡീവിയൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്. പിന്നാലെയാണ് ഇൻഡിഗോ സർവീസ്.
കൂടാതെ മംഗളുരുവിലേക്കും കഴിഞ്ഞമാസം തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങിരുന്നു.എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4:25 നു പുറപ്പെട്ടു 5:45 നു മംഗളുരുവിൽ എത്തും. തിരികെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്താണ് ഈ സർവീസ്.