ഷഹബാസ്
file image
കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ കുറ്റാരോപിതരായ നാല് വിദ്യാർഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി.
പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകും. പരീക്ഷാഫലം തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.
കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്‍റെ യുക്തി എന്താണ്? പ്രതികളായ നാലു വിദ്യാർഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അത്തരമൊരു നിര്‍ദേശം ഉണ്ടായിട്ടുപോലും പരീക്ഷാഫലം സര്‍ക്കാര്‍ തടഞ്ഞുവെച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.
നാല് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്‍റെ തലക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.