.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പി.ബി. ബിച്ചു
തിരുവനന്തപുരം: വ്യവസായ- നിക്ഷേപ നയങ്ങളിൽ ഇടതു സർക്കാരിനെയും വിദേശ നയങ്ങളിൽ കേന്ദ്ര സർക്കാരിനെയും അനുകൂലിച്ചതിനു പിന്നാലെ, തനിക്കു മുഖ്യമന്ത്രി സ്ഥാനാർഥിത്വം വേണമെന്ന പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ എംപിയുടെ നിലപാടിൽ പാർട്ടിയിലും മുന്നണിയിലും കടുത്ത അതൃപ്തി.
തരൂരിന്‍റെ പ്രസ്താവനകളും നിലപാടുകളും വിവാദമായപ്പോഴെല്ലാം അദ്ദേഹത്തെ പിന്തുണച്ചെത്തിയിരുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരനും മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരനടക്കമുള്ള നേതാക്കളും തരൂരിന്‍റെ പുതിയ നിലപാടിനെ തള്ളി. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും ഇടതുപക്ഷത്തേക്ക് പരോക്ഷമായി സ്വാഗതം ചെയ്തും സിപിഎം നേതാക്കൾ രംഗത്തെത്തി. എന്നാൽ, തരൂരിനെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നതായാണ് വിവരം.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തനങ്ങളെ വിമർശിച്ചുള്ള ശശി തരൂരിന്‍റെ പുതിയ അഭിമുഖമാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. എന്നാൽ, രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുന്നതിന് മുമ്പേ നൽകിയ അഭിമുഖമാണിപ്പോൾ പുറത്തുവന്നതെന്ന നിലപാടാണ് തരൂരിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്‍റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു അഭിമുഖത്തിൽ തരൂരിന്‍റെ പ്രധാന മുന്നറിയിപ്പ്. അഭിമുഖം വീണ്ടും ചർച്ചയായതോടെ ഒന്നും പറയാനില്ലെന്നും സമയം വരുമ്പോൾ സംസാരിക്കാം എന്നുമാണ് തരൂരിന്‍റെ പ്രതികരണം.
പ്രവര്‍ത്തക സമിതി അംഗമായി എന്നതിപ്പുറം പാര്‍ട്ടിയുടെ ഒരു പരിപാടികളിലേക്കും തന്നെ അടുപ്പിക്കുന്നില്ലെന്ന പരിഭവം തരൂരിന്‍റെ വാക്കുകളിലുണ്ട്. നിര്‍ണായകമായ ഒരു തീരുമാനവും പ്രവര്‍ത്തക സമിതിയില്‍ നടക്കുന്നില്ലെന്നു തരൂർ തുറന്നടിക്കുമ്പോൾ ഹൈക്കമാൻഡിനെയടക്കം വെല്ലുവിളിക്കുകയാണ് ശശി തരൂർ.
എന്തു പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തിനു ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാമെന്നും, പാർട്ടി വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തരൂർ ആവർത്തിച്ചത് സിപിഎമ്മും എൽഡിഎഫും പറഞ്ഞ കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും പറയുമ്പോൾ, തരൂർ അനാഥനാകില്ലെന്ന നിലപാടാണ് മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
തരൂരിന്‍റെ വിവാദ പരാമർശങ്ങൾ ഇങ്ങനെ
പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാൻ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ട്. അതിനായി കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ട്. പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. അത്തരത്തിലൊരു പിന്തുണയാണ് എനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വികസനത്തിനായി എന്‍റെ കാഴ്ചപ്പാടുകൾ സ്വതന്ത്രമായി അവതരിപ്പിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കുന്നതിനാലാണ്. തിരുവനന്തപുരം മണ്ഡലത്തിലെ ആളുകള്‍ക്ക് എന്‍റെ പെരുമാറ്റവും സംസാരവും ഇഷ്ടമാണ്. അവര്‍ അത് അംഗീകരിക്കുന്നു. പാര്‍ട്ടിക്കപ്പുറത്തുള്ള പിന്തുണ എനിക്കു കിട്ടുന്നതിന് ഇത് കാരണമാകുന്നു. അത്തരമൊന്നാണ് പാര്‍ട്ടിക്ക് 2026 തെരഞ്ഞെടുപ്പില്‍ വേണ്ടത്.
ഇതേ കാര്യം യുഡിഎഫിലെ മറ്റ് കക്ഷികളും എന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ഉറപ്പാക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമല്ല. എങ്കിലും പാര്‍ട്ടിക്കു മുൻപാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്. ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത്, പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്.
നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചത്, ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല എനിക്കുള്ളതെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല ഞാന്‍ പ്രസ്താവന നടത്താറ്. എനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാറാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ല.