ശബരിമലയിലെ സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് പുതിയ ചെമ്പുപാളികളെന്ന് മൊഴി
തിരുവനന്തപുരം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പുപാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി.
ദേവസ്വം വിജിലൻസിനു നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്. ചെമ്പുപാളികൾക്ക് കാലപ്പഴക്കമുണ്ടായിരുന്നില്ലെന്നും സ്വർണം പൊതിഞ്ഞവയായിരുന്നില്ല അതെന്നുമാണ് മൊഴി. ഇതോടെ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിന്‍റെ വിലയിരുത്തൽ.
ദേവസ്വം വിജിലൻസ് വെള്ളിയാള്ച അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. തുടർന്ന് ഹൈക്കോടതി നിയോഗിച്ച പ്രത‍്യേക അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട് കണക്കിലെടുത്തായിരിക്കും കേസിൽ തുടർനടപടികളുണ്ടാകുക.
2018ലാണ് ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ വാതിൽപ്പടിയുടെ സ്വർണത്തിന് തിളക്കം കുറഞ്ഞെന്ന് കണ്ടെത്തുന്നതും അറ്റകുറ്റപ്പണിക്ക് തീരുമാനിക്കുന്നതും. ഇതോടെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അവതരിക്കുകയും ചെന്നൈയിലേക്ക് സ്വർണപ്പാളി കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ ആന്ധ്രാപ്രദേശിലുള്ള അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ച് വാതിൽപ്പടി നിർമിക്കുകയും ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ വച്ച് സ്വർണം പൂശുകയായിരുന്നുവെന്നാണ് സൂചന. പിന്നീട് പോറ്റി ശിൽപ്പം പ്രദർശന വസ്തുവാക്കി പണം പിരിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. നെയ്യഭിഷേകത്തിന്‍റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷക്കണക്കിന് രൂപ പിരിച്ചതായി നേരത്തെ വിജിലൻസിനു വിവരം ലഭിച്ചിരുന്നു.