അർച്ചന കവി 
Kerala

മലയാള സിനിമയിലെ ചില നന്മമരങ്ങൾ, യഥാർഥ തെമ്മാടികൾ: അർച്ചനാ കവി

കടുത്ത വൈകാരിക പീഡനമാണ് ഇത്തരം ചില സംവിധായകരിൽ നിന്ന് ഏൽക്കേണ്ടി വന്നത്

കോഴിക്കോട്: മലയാള സിനിമയിലെ ചില നന്മമരങ്ങളാണ് സിനിമാ സെറ്റുകളിലെ യഥാർഥ തെമ്മാടികളെന്ന് നടി അർച്ചനാ കവി. കടുത്ത വൈകാരിക പീഡനമാണ് ഇത്തരം ചില സംവിധായകരിൽ നിന്ന് ഏൽക്കേണ്ടി വന്നതെന്ന് അർച്ചന വെളിപ്പെടുത്തി.

ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ഇവരെക്കുറിച്ച് വിചാരിക്കും. നമ്മുടെ മനസിന്‍റെ ദൗർബല്യം എന്താണെന്ന് അവർക്കറിയാമായിരിക്കും. ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപായിരിക്കും എല്ലാവരുടേയും മുന്നിൽവെച്ച് അവർ അതേക്കുറിച്ച് പറയുക.

അസ്വസ്ഥത തോന്നുമെങ്കിലും നിങ്ങൾക്ക് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം. ഡാൻസ് മാസ്റ്റേഴ്സ് മിക്കവാറും തമിഴ്നാട്ടിൽ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകർ പറയും ഏത് നടനും നടിയുമായിരിക്കും ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റർമാരോടും പറയും.

ഇത്തരക്കാർ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്നുപോലും മനസിലാകാത്ത നടീനടന്മാരുണ്ടെന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങൾ എന്തൊക്കെയാണെന്ന് സ്കൂളിൽനിന്നേ പഠിപ്പിച്ചുകൊടുക്കണമെന്ന് അർച്ചന വ്യക്തമാക്കി.

ശാരീരികമായ ഉപദ്രവങ്ങളിലേക്ക് മാത്രമാണ് മാധ്യമങ്ങൾ ശ്രദ്ധകൊടുക്കുന്നത്. അതിനുമപ്പുറമാണ് വൈകാരികവും സാമ്പത്തികവുമായി നടത്തുന്ന പീഡനവും ദുരുപയോഗവും. ഒരുപാട് ചിത്രങ്ങളിൽ അഡ്വാൻസ് കിട്ടിയതിനുശേഷം ബാക്കി പ്രതിഫലം കിട്ടിയിട്ടില്ല.

നടൻ സിദ്ദിഖിനെതിരെ ഉയർന്ന ആരോപണം തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്ന് അർച്ചന പറഞ്ഞു. സിദ്ദിഖ് സാർ അച്ഛനെപ്പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ.

എന്നാൽ തനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാൻ അർത്ഥമാക്കുന്നില്ല. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ താൻ ആ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുകയെന്ന് അർച്ചന പറഞ്ഞു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ