ഹണി റോസിന്‍റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും; ചുമതല എറണാകുളം സെന്‍ട്രല്‍ എസിപിക്ക്  
Kerala

ഹണി റോസിന്‍റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും; ചുമതല എറണാകുളം സെന്‍ട്രല്‍ എസിപിക്ക്

ബോബി ചെമ്മണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും

Ardra Gopakumar

കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നതായും ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയീണ് ചൊവ്വാഴ്ച‍ ബോബിക്കെതിരേ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

4 മാസം മുൻപ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ അശ്ലീല പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരേ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നുവെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഹണിയുടെ പരാതിയില്‍ 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്‍റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ ചൊവ്വാഴ്ച‍ അറസ്റ്റ് ചെയ്തിരുന്നു. പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമന്‍റുകൾ പരിശോധിക്കുകയാണെന്ന് സെൻട്രൽ ഇൻസ്പെക്റ്റർ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിനു പിന്നാലെ പലരും കമന്‍റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളുടെ ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. ചില യുട്യൂബ് ചാനലുകളും നിരീക്ഷണത്തിലാണ്.

ന‍്യൂസിലൻഡ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി സൂര‍്യകുമാറിന്‍റെ നീലപ്പട

'കേരളത്തെ വീണ്ടും അപമാനിക്കാനുള്ള ശ്രമം'; കേരള സ്റ്റോറി 2 നെതിരേ മന്ത്രി സജി ചെറിയാൻ

എപ്സ്റ്റീൻ ഫയൽസിൽ‌ മോദിയുടെ പേര്: അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാലയം

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല